തിരുവല്ല : തിരുവല്ലയിലെ വളഞ്ഞവട്ടത്ത് വിരണ്ടോടിയ പോത്തിന്റെ ആക്രമണത്തിൽ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ അടക്കം ഏഴു പേർക്ക് പരിക്ക്. ഇന്നലെ രാവിലെ 7.30ഓടെയാണ് വളഞ്ഞവട്ടം സ്വദേശി സുരേഷിന്റെ ഉടമസ്ഥതയിലുള്ള പോത്ത് വിരണ്ടോടിയത്.
വളഞ്ഞവട്ടം സ്വദേശികളായ ബ്ലസൻ, അച്ചൻകുഞ്ഞ്, കുഞ്ഞുമോൾ, ബോബി, വിജയൻ, ദാസപ്പൻ, തിരുവല്ല ഫയർ സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ വർഗീസ് ഫിലിപ്പ് എന്നിവർക്കാണ് പരിക്കേറ്റത്. ഒരു കിലോമീറ്ററിലധികം ദൂരം വിരണ്ടോടിയ പോത്ത് നേർക്കുനേർ വന്നവരെയും പിടിച്ചു കെട്ടാൻ ഒരുങ്ങിയവരെയും കുത്തി വീഴ്ത്തുകയായിരുന്നു. പരിക്കേറ്റവരെ തിരുവല്ലയിലെയും പരുമലയിലെയും സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
ആരുടെയും പരിക്ക് ഗുരുതരമല്ല. സംഭവം അറിഞ്ഞ പുളിക്കീഴ് എസ്എച്ച്ഒ അജിത്തിന്റെനേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്ത് എത്തിയിരുന്നു. 11 ഓടെ പ്രദേശത്തെ പാടശേഖരത്തിൽ ഇറങ്ങിയ പോത്ത് സമീപത്തെ കുറ്റിക്കാട്ടിൽ കയറിയെങ്കിലും ഇടയ്ക്കു പുറത്തിറങ്ങി പാടത്തു കൂടി ഓടി. ഉച്ചയ്ക്ക് ഒന്നോടെ അഗ്നി രക്ഷാസനയും പോലീസും ഉടമയും നാട്ടുകാരും ചേർന്ന് കഴുത്തിൽ കെട്ടിയിരുന്ന കയർ സമീപത്തെ മരത്തിൽ പോത്തിനെ താത്കാലികമായി പിടിച്ചുകെട്ടി. തുടർന്ന് വലിയ വടം ഉപയോഗിച്ച് കാലുകൾ ബന്ധിച്ചു.
പൂർണമായും ശാന്തനായ ശേഷം മാത്രമേ പോത്തിനെ സ്ഥലത്തുനിന്നും നീക്കം ചെയ്യൂവെന്ന് പോലീസ് പറഞ്ഞു.